Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 23:39 IST
Share News :
കോട്ടയം: രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയം അക്ഷര നഗരിയിൽ ഒരുങ്ങി. ഭാഷയുടെ ഉൽപ്പത്തിമുതൽ മലയാളഭാഷയുടെ ഇന്നോളമുള്ള സകല വികാസപരിണാമങ്ങളുടെയും സൂക്ഷ്‌മമായ ഏടുകളടക്കം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അക്ഷരം മ്യൂസിയം ആദ്യഘട്ടം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ 15കോടിയോളം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. എസ്‌പിസിഎസിന്റെ ഉടമസ്ഥതയിൽ നാട്ടകത്തുള്ള ഇന്ത്യാപ്രസിന്റെ സ്ഥലത്താണ് മ്യൂസിയം.
രണ്ടാംഘട്ടത്തിൽ ഇന്ത്യൻഭാഷകളെയും ലോകഭാഷകളെയും ഉൾക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്റെ വിവിധശാഖകളെ അടയാളപ്പെടുത്തും. അക്ഷരം മ്യൂസിയത്തെ ലോകമ്യൂസിയങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുംവിധമുള്ള ഉള്ളടക്കനിർമാണമാണ് വരുംഘട്ടങ്ങളിൽ സാധ്യമാക്കുക. അനവധി ചോദ്യങ്ങൾ നിരവധി ഉത്തരങ്ങൾ മനുഷ്യന് സംസാരിക്കാനുള്ള ശേഷി കൈവന്നത് എന്ന്, ഭാഷ രൂപപ്പെട്ടത് എന്ന് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്. ഭാഷാവളർച്ചയുടെ ഘട്ടങ്ങൾ ത്രീ ഡി പ്രൊജക്ഷനായി അവതരിപ്പിക്കും. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും ഭാഷ പരിണമിക്കുന്നത് ഒന്നാം ഗ്യാലറിയിലുണ്ട്. രണ്ടാംഗ്യാലറി ഇന്ത്യൻ ലിപി സമ്പ്രദായങ്ങളുടെ ചരിത്രം വിശദമാക്കുന്നു. മലയാളത്തിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ പരിണമിച്ചതും വിശദമാക്കും. വട്ടെഴുത്തും കോലെഴുത്തും മലയാൺമയും അറിയാനും പഠിക്കാനുമാകും. മൂന്നാംഗ്യാലറി ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടിയെക്കുറിച്ചാണ്. അച്ചടിവിപ്ലവം സാധ്യമാക്കിയ ഘടകങ്ങൾ, ആദ്യകാലപുസ്തകങ്ങൾ, അച്ചടിയന്ത്രങ്ങളും സാങ്കേതികവിദ്യയും തുടങ്ങിയവയുണ്ട്. നാലാം ഗ്യാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സാഹിത്യസംഭാവനകളെകുറിച്ചുമുള്ള വിവരണങ്ങളാണ്. ലോകഭാഷകൾ ലോകത്തിലെ ആറായിരത്തോളം ഭാഷകളുടെ പ്രദർശനമുണ്ട്. ലോകഭാഷാ ഗ്യാലറിയിലേക്ക് പോകുന്ന ഇടനാഴിയിൽ അക്ഷരപരിണാമചാർട്ടുകളും കാണാം. ഓരോ അക്ഷരവും വന്ന വഴി, ഓരോ കാലഘട്ടം തിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. തിയേറ്ററും ഹോളോഗ്രാം സംവിധാനവും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട എട്ട് ഡോക്യുമെന്ററികൾ തിയേറ്ററിൽ പ്രദർശിപ്പിക്കും. എടക്കൽ ഗുഹാചിത്രങ്ങൾ, മറയൂർ ശിലാചിത്രങ്ങൾ, കേരളത്തിലെ സാക്ഷരത, ഗോത്ര ഭാഷകൾ, ഭാഷ ഉണ്ടായതെങ്ങനെ, സംഘകാലം എന്നിവ പ്രദർശിപ്പിക്കും. ഹോളോഗ്രാമിൽ കാരൂർ നീലകണ്ഠപ്പിള്ള, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള, പി കേശവദേവ് തുടങ്ങിയ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാർ തങ്ങളുടെ കഥകൾ പറയുന്നു. ഇവിടെയുണ്ട് ആദ്യമെഴുതിയ പ്രണയം ലോകത്താദ്യമായി ആരായിരിക്കും ഒരു പ്രണയലേഖനമെഴുതിയിട്ടുണ്ടാവുക? ആർക്കുവേണ്ടിയാകും എഴുതിയിട്ടുണ്ടാവുക? ഈ ചോദ്യങ്ങൾക്കും അക്ഷരം മ്യൂസിയം മറുപടി നൽകും. ഛത്തീസ്‌ഗഡിൽ കണ്ടെടുക്കപ്പെട്ട ‘ജോഗിമാരാ’ ഗുഹകളിലെ ശിലാലിഖിതത്തിലാണ് ലോകത്താദ്യം പ്രണയം എഴുതപ്പെട്ടതെന്നു കരുതുന്നു. ഈ ജോഗിമാരാ ഗുഹകളുടെ മാതൃകാ രൂപം വളപ്പിൽ നിർമിച്ചിട്ടുണ്ട്. ചരിത്രപാഠപുസ്തകങ്ങളിൽ കണ്ടിട്ടില്ലാത്ത സ്‌ക്രൈബ്‌സ് എന്നറിയപ്പെടുന്ന എഴുത്തുകാരുടെ ശില്പങ്ങൾ അക്ഷരം മ്യൂസിയം വളപ്പിൽ കാണാം. ഈജിപ്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും എഴുത്തുകാർ അതിലുണ്ട്.
2022 ഫെബ്രുവരി 25ന് സഹകരണവകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്. മ്യൂസിയത്തിനൊപ്പം തിയേറ്റർ, കൺസർവേഷൻ മുറികൾ, അർക്കൈവ്, ആംഫി തിയേറ്റർ എന്നിവയെല്ലാം അടങ്ങുന്നതാണ് അക്ഷരം മ്യൂസിയം. ചരിത്രവിദ്യാർഥികൾക്കും ഭാഷാസ്‌നേഹികൾക്കും ഗവേഷകർക്കും പഠനത്തിന് വലിയ അവസരങ്ങൾ മ്യൂസിയത്തിൽ ഒരുങ്ങും.
അടുത്ത ഘട്ടങ്ങളിലായി ആധുനിക ലൈബ്രറി സംവിധാനം, ആംഫിതീയേറ്റര്‍ എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തലച്ചോറിന്റെ വളര്‍ച്ചയും മനുഷ്യശാരീരികമാറ്റങ്ങളും സംഭവിക്കുന്നത് പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഭാഗമായാണ്. മിറര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനവും ഭാഷാജീനായ Foxp2 (ഫോര്‍ ഹെഡ് ബോക്സ് പ്രോട്ടീന്‍ 2)വില്‍ സംഭവിക്കുന്ന മ്യുട്ടേഷനുമാണ് ഭാഷയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ മ്യൂസിയത്തില്‍ 3 D പ്രൊജക്ഷന്‍ ആയി അവതരിപ്പിക്കുന്നു. കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍മ്മിക്കുന്ന അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരികമ്യൂസിയം ഭാഷാമ്യൂസിയങ്ങള്‍ക്കുള്ള ഇന്ത്യന്‍ മാതൃകയായി തീരും.
Follow us on :
More in Related News
Please select your location.