Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 09:49 IST
Share News :
ഡസൻ കണക്കിന് മൃതദേഹങ്ങളാണ് ഗസ്സയിൽ നിന്ന് പുതുതായി കണ്ടെടുത്തത്. നിരവധി മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഗസ്സ സിറ്റിയുടെ സമീപത്തെ തെൽ അൽ ഹവയിലും പരിസരങ്ങളിൽനിന്നുമായി 70 മൃതദേഹങ്ങൾ കണ്ടെടുത്തു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ അംഗങ്ങളുടേതുൾപ്പെടെയുള്ള മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തെൽ അൽ ഹവയിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇസ്രായേൽ സേന പിന്മാറിയത്.
ആഴ്ചകൾ നീണ്ട വ്യോമാക്രമണത്തിന്റെ ബാക്കിപത്രം തീർത്തും ഹൃദയഭേദകമാണ്. മൃതദേഹങ്ങൾ മാറ്റാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുമുള്ള ശ്രമങ്ങൾ പോലും ഇസ്രായേൽ സേന തടയുകയാണ്. ഷുജയ്യയിലും സ്ഥിതി ഇതുതന്നെ. നിരവധി മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. താൽക്കാലിക ക്യാമ്പുകളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന പലരും പട്ടിണിയിലാണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ അറിയിച്ചു. റഫയിലും മധ്യ ഗസ്സയിലെ നുസെറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ബ്രിട്ടനിൽനിന്നുള്ള അൽ ഖൈർ സന്നദ്ധ സംഘടനയുടെ നാല് പ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അത്യന്തം ഞെട്ടിക്കുന്ന വാർത്തകളാണ് ഗസ്സ സിറ്റിയിൽ നിന്നും മറ്റും പുറത്തു വരുന്നതെന്ന് യു.എൻ പ്രതികരിച്ചു.
ആരോഗ്യ സംവിധാനങ്ങൾ തകർന്ന ഗസ്സയിലെ സ്ഥിതി വിവരണാതീതമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് . ശക്തമായ ചെറുത്തുനിൽപ്പിലൂടെ നിരവധി സൈനികരെ വകവരുത്തിയതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലബനാൻ ആസ്ഥാനമായ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കി. പ്രത്യാക്രമണത്തിൽ ഒരു ഹിസ്ബുല്ല പോരാളിയും കൊല്ലപ്പെട്ടു.
ഗസ്സയിലെ ആക്രമണം നിർത്താൻ ഇനിയും വൈകരുതെന്ന് പ്രതികരിച്ച യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി. കൈറോയും ദോഹയും കേന്ദ്രീകരിച്ചുളള ചർച്ചകളിൽ ജോ ബൈഡൻ സജീവ ഇടപെടൽ തുടരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം നെതന്യാഹുവിന്റെ നിലപാട് വെടിനിർത്തൽ ചർച്ചക്ക് വലിയ തിരിച്ചടിയായി മാറിയെന്ന് മൊസാദ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.